
ഗാസയിൽ ഒരു ലക്ഷത്തോളം സ്ത്രീകളും കുട്ടികളും മരണത്തിൻ്റെ വക്കിൽ. കൊടുംപട്ടിണിയും പോഷകാഹാരക്കുറവുമാണ് ഗാസയിലെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നത്. ഇസ്രയേൽ ഉപരോധം കടുപ്പിച്ചതോടെ ഗാസയിൽ പട്ടിണി മരണങ്ങൾ വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഭക്ഷണമില്ലാതെ ഒമ്പത് പേർ ഗാസ നഗരത്തിൽ മരിച്ചുവീണു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഭക്ഷണത്തിനായി കേഴുന്ന കുഞ്ഞുങ്ങളുടെ ദൃശ്യങ്ങളും ഗാസയിൽ നിന്നും പുറത്തുവരുന്നുണ്ട്.
തുടർച്ചയായ ആക്രമണങ്ങൾക്കു പിന്നാലെയാണ് ഇസ്രായേൽ ഗാസയിൽ ഉപരോധവും കടുപ്പിച്ചത്. അവശ്യസാധനങ്ങൾ പോലും ഗാസയിലേക്ക് എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇതോടെയാണ് ഗാസ കൊടും പട്ടിണിയുടെ പിടിയിലമർന്നത്. നൂറിലേറെപ്പേർ പട്ടിണിമൂലെ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 80 കുട്ടികളുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗാസയിലേക്ക് അടിയന്തരമായി ഭക്ഷണമെത്തിക്കണമെന്ന് നൂറിലധികം മനുഷ്യാവകാശ സംഘടനകൾ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.











